head1
head2
head 3

ഇറ്റലിയുടെ ഡിജിറ്റല്‍ നൊമാഡ് വിസാ സ്‌കീമിനെക്കുറിച്ച് കൂടുതലറിയാം

റോം: കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തെ ലോക്‌ഡൌണ്‍ ലോകത്തെ ഏറെ ദുരിതത്തിലേക്ക് തള്ളിവിട്ടെങ്കിലും ചിലര്‍ക്കെങ്കിലും അവസരങ്ങളുടെ വാതിലുകള്‍ തുറന്നു നല്‍കുന്നതിനും ഇത് കാരണമായിട്ടുണ്ട്. ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ തങ്ങളുടെ ജോലി ലോകത്തിന്റെ ഏത് കോണിലിരുന്നും ചെയ്യാനുള്ള അവസരം പലര്‍ക്കും ലഭിച്ചു. ചിലരാകട്ടെ ഈ അവസരം മുതലെടുത്തുകൊണ്ട് വിദേശരാജ്യങ്ങളിലേക്ക് ചേക്കേറാനും തയ്യാറെടുത്തു.

അത്തരത്തില്‍ കോവിഡ് കാലത്ത് ഫ്രീലാന്‍സായി ജോലികള്‍ ചെയ്യാന്‍ താത്പര്യമുള്ള ആളുകള്‍ ഏറ്റവും കൂടുതലായി പരിഗണിച്ച രാജ്യമാണ് ഇറ്റലി. ഇറ്റലിയിലെ ഉയര്‍ന്ന ജീവിത നിലവാരവും, ഭേദപ്പെട്ട ജീവിത ചിലവുകളും തന്നെയാണ് ഇതിന് കാരണം. എന്നാല്‍ നിലവില്‍ ഇത്തരക്കാര്‍ക്ക് ഇറ്റലിയിലേക്ക് കടക്കാനുള്ള ഏകമാര്‍ഗ്ഗം ഇറ്റലിയുടെ സെല്‍ഫ് എംപ്ലോയ്‌മെന്റ് വിസ സ്‌കീമാണ്. ഈ സ്‌കീമിലൂടെ ഇറ്റലിയിലേക്ക് കടക്കണമെങ്കില്‍ ധാരാളം നൂലാമാലകളിലൂടെ കടന്നു പോവേണ്ടതായി വരും, കൂടാതെ ഈ രീതിയില്‍ അനുവദിക്കുന്ന വിസകള്‍ക്ക് വര്‍ഷാവര്‍ഷം നിശ്ചിത ക്വാട്ട സംവിധാനവും നിലവിലുണ്ട്. ഡോക്യുമെന്റുകള്‍ സമര്‍പ്പിച്ച ശേഷം വിസ പ്രൊസസ് ചെയ്യാനായി എടുക്കുന്ന കാലതാമവസവും പലരെയും കുഴക്കാറുണ്ട്.

എന്നാല്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ ഈയടുത്തായി മുന്നോട്ടുവച്ച ഏറ്റവും പുതിയ വിസ സ്‌കീമായ ഡിജിറ്റല്‍ നൊമാഡ് വിസ സ്‌കീമിലൂടെ ഈ നൂലാമാലകളും കാലതാമസവും ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിയുമെന്നാണ് നിലവില്‍ പ്രതീക്ഷിക്കപ്പെടുന്നത്. കോവിഡ് കാലത്ത് തകര്‍ന്ന ഇറ്റാലിയന്‍ സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ടാണ് ഇറ്റലി ഇത്തരത്തിലൊരു വിസ സംവിധാനം മുന്നോട്ട് വച്ചത്.

ഇറ്റലിയുടെ ഏകീകൃത ഇമ്മിഗ്രേഷന്‍ നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 27 പ്രകാരമുള്ള ഈ വിസ സ്‌കീമിലൂടെ സാങ്കേതികമായി മികച്ച പ്രാഗത്ഭ്യമുള്ള പ്രൊഫഷണലുകളെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും രാജ്യത്തേക്ക് എത്തിക്കുവാനാണ് ഇറ്റലി ലക്ഷ്യമിടുന്നത്.

ഡിജിറ്റല്‍ നൊമാഡ് വിസ സംവിധാനം സംബന്ധിച്ച് പ്രഖ്യാപനമുണ്ടായെങ്കിലും ഇതിനായുള്ള നിബന്ധനകളുടെ പൂര്‍ണ്ണരൂപം ഇതുവരെയും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഏതൊക്കെ ജോലിയില്‍ ഉള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത എന്നതിലും കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. അപേക്ഷകര്‍ അതത് വിഷയത്തില്‍ മാസ്റ്റേഴ്‌സ് ഡിഗ്രീ ഉള്ളവരായിരിക്കണം, ജോലിയില്‍ മിനിമം പ്രവര്‍ത്തന പരിചയം ഉള്ളവരായിരിക്കണം, ചെയ്യുന്ന ജോലിയിലൂടെ നിശ്ചിത വരുമാനം ലഭിക്കണം, എന്നീ നിബന്ധനകള്‍ ഈ വിസ സ്‌കീമിലും ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ വിസ സംവിധാനം നിലവില്‍ ഇറ്റലിയിലുള്ള ക്വാട്ടാ നിയന്ത്രണങ്ങളുടെ(nulla osta) പരിധിയില്‍ വരില്ല എന്നതാണ് ലഭ്യമായ മറ്റൊരു വിവരം. ക്വാട്ടാ നിയന്ത്രണങ്ങളുടെ നൂലാമാലകള്‍ മൂലം അവസരം നഷ്ടമായ നിരവധി ആളുകള്‍ വളരെ പ്രതീക്ഷയോടെയാണ് ഇറ്റലിയുടെ ഡിജിറ്റല്‍ നൊമാഡ് വിസ സംവിധാനത്തെ നോക്കിക്കാണുന്നത്.

Comments are closed.