head 3
head2
head1

അനധികൃത കുടിയേറ്റം: 85 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 388 പേരെ തിരിച്ചയച്ചു

നിക്കോഷ്യ : അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി 85 ഇന്ത്യക്കാരുള്‍പ്പടെ 388 കുടിയേറ്റക്കാരെ സൈപ്രസില്‍ നിന്നും നാട്ടിലേക്ക് തിരികെ അയച്ചതായി ആഭ്യന്തര മന്ത്രി നിക്കോസ് നൗറിസ് പറഞ്ഞു. ജനുവരി 1 മുതലുള്ള നാല്‍പ്പതു ദിവസത്തിനുള്ളിലാണ് ഇത്രയും പേരെ തിരിച്ചയച്ചതെന്നത് ആശങ്ക ഉയര്‍ത്തുന്നതാണ്.

ഗ്രീന്‍ ലൈനിലൂടെ ക്രമരഹിതമായ കുടിയേറ്റക്കാരുടെ എണ്ണം പെരുകുകയാണ്. തുര്‍ക്കിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഇവിടേയ്ക്ക് ആളുകളെത്തുന്നത്. 43 പേരെ കോംഗോയിലേക്കും 34 പേരെ ബംഗ്ലാദേശിലേക്കും 31 പേരെ കാമറൂണിലേക്കും 25 നൈജീരിയയിലേക്കും 21 ഇറാനിലേക്കുമാണ് മടക്കിവിട്ടത്.

കുടിയേറ്റക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. കുടിയേറ്റം ദേശീയ പ്രശ്‌നമാണ്. അതിങ്ങനെ തന്നെയേ കൈകാര്യം ചെയ്യാനാകൂയെന്ന് അദ്ദേഹം പറഞ്ഞു. അര്‍ഹതയില്ലാത്തവരെയാണ് തിരികെ അയച്ചതെന്ന് അദ്ദേഹം പറഞ്ഞു.

സൈപ്രസിലെത്തുന്ന അഭയാര്‍ഥികളുടെ എണ്ണവും ജനസംഖ്യയുടെ അനുപാതത്തില്‍ നോക്കുമ്പോള്‍ വളരെ കൂടുതലാണ്. ഇതിനെ യൂറോപ്യന്‍ യൂണിയനിലെ അതേ നിലവാരത്തിലേക്ക് കൊണ്ടുവരികയെന്നതാണ് ലക്ഷ്യമിടുന്നത്. ഗ്രീസ്, സ്പെയിന്‍, ഇറ്റലി, മാള്‍ട്ട എന്നിവിടങ്ങളില്‍ ഈ കണക്ക് 1 ശതമാനത്തില്‍ താഴെയാണ്. അതേസമയം, സൈപ്രസില്‍ 4.6 ശതമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.