head1
head2
head 3

ഇറ്റലിയില്‍ നിന്നും അമൃത്സറിലെത്തിയ രണ്ടാമത്തെ വിമാനത്തിലും കോവിഡ് ബാധിതര്‍; രോഗം സ്ഥിരീകരിച്ചത് 173 യാത്രക്കാര്‍ക്ക്

റോം: ഇറ്റലിയില്‍ നിന്നും പഞ്ചാബിലെ അമൃത്സറിലെത്തിയ രണ്ടാമത്തെ വിമാനത്തിലും നൂറിലധികം പേര്‍ക്ക് കോവിഡ് പോസിറ്റിവ് ആയതായി ഇന്ത്യന്‍ അധികൃതര്‍. വെള്ളിയാഴ്ച 285 യാത്രക്കാരുമായി റോമില്‍ നിന്നുമെത്തിയ വിമാനത്തിലെ 173 യാത്രക്കാര്‍ക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സമാനമായി വ്യാഴാഴ്ച മിലാനില്‍ നിന്നും അമൃത്സര്‍ വിമാനത്താവളത്തിലെത്തിയ വിമാനത്തിലും നൂറിലധികം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

റോമില്‍ നിന്നുമെത്തി കോവിഡ് പോസിറ്റിവ് ആയവരെ അവരുടെ സ്വന്തം ജില്ലകളില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. മിലാനില്‍ നിന്നെത്തിയവരെ ആശുപത്രികളിലേക്കായിരുന്നു കഴിഞ്ഞ ദിവസം മാറ്റിയത്. മിലാന്‍ വിമാനത്തിലെത്തിയ പതിമൂന്നോളം പേര്‍ ക്വാറന്റീനില്‍ പ്രവേശിക്കാതെ രക്ഷപ്പെട്ടതായും കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു.

കോവിഡ് ബാധ രൂക്ഷമായ ഇറ്റലിയടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളെ ഹൈ റിസ്‌ക് രാജ്യങ്ങളുടെ പട്ടികയിലാണ് കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇറ്റലിയിലെ കോവിഡ് പ്രതിദിന കണക്കുകള്‍ രണ്ട് ലക്ഷം കടന്ന് സര്‍വ്വകാല റെക്കോഡിലേക്കെത്തിയിരുന്നു. ഇന്ത്യയിലും കോവിഡ് കേസുകള്‍ കഴിഞ്ഞ ദിവസം ഒരു ലക്ഷം കടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Comments are closed.