head 3
head1
head2

കേരളത്തില്‍ മഴക്കെടുതിയില്‍ 13 മരണം; ദുരിതപ്പെയ്ത്തിന് നേരിയ ശമനം

തിരുവനന്തപുരം: കേരളത്തില്‍ കനത്തമഴയിലും ഉരുള്‍ പൊട്ടലിലും രണ്ടര വയസുകാരി ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. കൊല്ലം ഇത്തിക്കരയാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹമാണ് അവസാനമായി കണ്ടെത്തിയത്. മലയോരമേഖലകളില്‍ തീവ്രമഴയെ തുടര്‍ന്ന് പലയിടത്തും ഉരുള്‍പൊട്ടി. കണ്ണൂര്‍, കോട്ടയം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ മഴക്കെടുതിയില്‍ വന്‍ നാശനഷ്ടമുണ്ടായി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് മഴയുടെ തീവ്രത കുറഞ്ഞതിനെ തുടര്‍ന്ന് 11 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. നിലവില്‍ ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രാബല്യത്തില്‍ ഇല്ല. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോടും കൊല്ലത്തും തിരുവനന്തപുരത്തും ലക്ഷദ്വീപിലും യെല്ലോ അലര്‍ട്ട് തുടരും.

കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ വെള്ളം കയറി. കുമരകം, തിരുവാര്‍പ്പ്, ഇല്ലിക്കല്‍, ചെങ്ങളം ഭാഗത്താണ് വെളളപ്പൊക്കം. ഈ മേഖലകളിലെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. മീനച്ചിലാറ്റില്‍ കിഴക്കന്‍ മേഖലയില്‍നിന്നുള്ള വെള്ളമെത്തുന്നതാണ് ജലനിരപ്പുയരാന്‍ കാരണം. കാസര്‍കോട് മാലോം ചുള്ളിയില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. മരുതോം-മാലോം മലയോര ഹൈവേയില്‍ ഗതാഗതം തടസപ്പെട്ടു.

കണ്ണൂര്‍ പേരാവൂരില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ള പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടര വയസുകാരി തസ്ലീനയുടെ മൃതദേഹം ഇന്നലെ കണ്ടെത്തി. കോട്ടയത്ത് ഒഴുക്കില്‍പെട്ട കൂട്ടിക്കല്‍ സ്വദേശിയുടെ മൃതദേഹം കൂട്ടിക്കല്‍ ചപ്പാത്തിന് സമീപം കണ്ടെത്തി. പശുവിനെ അഴിക്കാന്‍ വനത്തിലേക്ക് പോയി മരത്തിന്റെ കമ്പ് ഒടിഞ്ഞ് തലയില്‍ വീണ് മരിച്ച കോതമംഗലം സ്വദേശി പൗലോസ് എന്നയാളുടെ മൃതദേഹവും കണ്ടെത്തി.

കണ്ണൂരില്‍ നാലിടത്തും കോട്ടയം തീക്കോയിയിലും ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. കാഞ്ഞിരപ്പള്ളി കരിമ്പുകയം ക്രോസ് വേയിലും നിരവധി വീടുകളിലും വെള്ളം കയറി. മുണ്ടക്കയം കൂട്ടിക്കല്‍ ടൗണുകളില്‍ കടകളില്‍ വെള്ളം കയറി വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. എറണാകുളത്ത് പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. മുവാറ്റുപുഴയിലും കാലടിയിലും ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിലാണെന്ന് ജില്ലാ കളക്ടര്‍ ഇന്നലെ അറിയിച്ചു. ആലുവ ശിവക്ഷേത്രം പൂര്‍ണമായൃും മുങ്ങി.

നാളെ കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളല്‍ നാളെ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയോടെ സംസ്ഥാനത്തത് കനത്ത മഴയ്ക്കു ശമനമാവുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.

Comments are closed.