head2
head 3
head1

നൈജീരിയയിലെ കത്തോലിക്കാ പള്ളിയിലെ കൂട്ടക്കൊല; ഐറിഷ് പ്രസിഡണ്ടിന്റെ പ്രസ്താവന വിവാദത്തില്‍

ഡബ്ലിന്‍ : നൈജീരിയയിലെ കത്തോലിക്കാ പള്ളിയില്‍ 40 വിശ്വാസികളുടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഐറിഷ് പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ് നടത്തിയ പ്രസ്താവന വിവാദത്തില്‍. തെറ്റിദ്ധാരണ പരത്തുന്ന ഈ പ്രസ്താവനയ്ക്ക് സത്യവുമായി ബന്ധമില്ലെന്ന് നൈജീരിയന്‍ രൂപതാ ബിഷപ്പ് അരോഗുണ്ടാഡെ പറഞ്ഞു.

ഈ മാസം അഞ്ചിനാണ് ഓന്‍ഡോ സ്റ്റേറ്റിലെ സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് ഓവോയില്‍ 40 പേരെ വെടിവെച്ചു കൊന്നത്. വിമത വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് ആരോപണം. എന്നാല്‍ ഒരു ഗ്രൂപ്പും ഇതുവരെ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

കുര്‍ബാനയ്ക്കിടെ പള്ളിയ്ക്കുള്ളിലെത്തിയ അക്രമികള്‍ എകെ 47 തോക്കുകളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 87 പേര്‍ക്ക് പരിക്കേറ്റു, 61 പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്.

വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ പ്രസിഡന്റ് ഹിഗ്ഗിന്‍സ് അനുശോചനം അറിയിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങളുടെ ഇരകളാണ് കൊല്ലപ്പെട്ടവരെന്ന് ഹിഗ്ഗിന്‍സ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ആഫ്രിക്കയിലെ ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങളോടുള്ള അവഗണനയെ തുടര്‍ന്നുള്ള പ്രതിസന്ധിയാണ് ഇതിലേയ്ക്കെത്തിച്ചതെന്നും പ്രസിഡന്റ് ഹിഗ്ഗിന്‍സ് പറഞ്ഞു

പ്രസിഡന്റിന്റെ പ്രസ്താവന തെറ്റാണെന്ന് ബിഷപ്പ് പറഞ്ഞു. ഈ അരുംകൊലയ്ക്ക് കാലാവസ്ഥാ വ്യതിയാനമായോ ഭക്ഷ്യ പ്രതിസന്ധിയുമായോ ബന്ധമില്ല. ഭീകരത മാത്രമാണ് പ്രശ്നമെന്നും ബിഷപ്പ് പറഞ്ഞു. ഈ സംഭവത്തെ കാലാവസ്ഥാ വ്യതിയാനവും ഭക്ഷ്യ പ്രതിസന്ധിയുമായി ബന്ധപ്പെടുത്തിയത് ശരിയായില്ലെന്നും ബിഷപ്പ് വ്യക്തമാക്കി.

Comments are closed.